വഴിപിഴച്ചു ജീവിക്കുന്നവരെ അവതരിപ്പിക്കുമ്പോൾ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ ഉണ്ടായി: ചിത്ര അടുത്തിടെ പറഞ്ഞ വാക്കുകൾ വേദനയാകുന്നു…

കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രശസ്ത നടി ചിത്ര മലയാളത്തിലും അന്യ ഭാഷകളിലും ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച നടിയാണ്. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. താരം തന്റെ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി ചെന്നൈയില്‍ സ്ഥിര താമസമാക്കുകയാണ് ഉണ്ടായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു അന്ത്യം.

ചിത്ര മലയാളത്തില്‍ ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. ഇതിനു മുമ്പ് ആറു വയസ്സുള്ളപ്പോള്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു കത്തു കൊടുക്കുന്ന ഷോട്ടില്‍ അഭിനയിച്ചിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് താരം നൽകിയ ഒരു അഭിമുഖമാണ് താരത്തിന്റെ മരണത്തിനു ശേഷം ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതും. ദേവാസുരത്തിലെ സുഭദ്ര എന്ന കഥാപാത്രം തനിക്ക് തുടക്കത്തില്‍ പ്രശംസകള്‍ നേടി തന്നെങ്കിലും പിന്നീട് ആ കഥാപാത്രം തനിക്കൊരു ബാധ്യതയായി എന്നാണ് നടി പറഞ്ഞത്. പിന്നീട് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രം സംവിധായകര്‍ തന്നെ തിരഞ്ഞെടുക്കാന്‍ തുടങ്ങി എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.

‘ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ് എന്നും പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു ഒടുവില്‍ ഒരുപാട് ചിന്തകൾക്ക് ശേഷം ആ സിനിമ ചെയ്തപ്പോൾ എന്റെ കഥാപാത്രം നന്നായെന്ന് പറഞ്ഞ് പലരും അഭിനന്ദിച്ചു. എന്നാല്‍, പിന്നീട് ആ കഥാപാത്രം എനിക്കൊരു ബാധ്യതയായി എന്നാണ് താരം പറഞ്ഞത്.

വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം അവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി എന്നാണ് താരം പറഞ്ഞതിനെ ചുരുക്കി വായിക്കേണ്ടത്. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമായിരുന്നു വേഷം. പ്രായിക്കരപാപ്പാനിലും വേഷം അതുപോലെ തന്നെ. .ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത സൂത്രധാരനിലും അങ്ങിനെ തന്നെ.

എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓകെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യും എന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഏത് കഥാപാത്രം ആയാലും ഇങ്ങനെയുള്ള വേഷമായാലും എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്‌തിട്ടുള്ളൂ എന്ന് താരം പറഞ്ഞപ്പോൾ അഭിമാനം മുഖത്ത് വെളിവായിരുന്നു.