സിനിമാലോകത്തേക്ക് മടങ്ങി വരണം ; മനസ്സ് തുറന്ന് കനകയുടെ വൈറൽ വീഡിയോ…

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവസാന്നിധ്യമായിരുന്നു കനക. ലക്ഷ്മി പ്രിയ എന്ന് പേരുള്ള താരം സിനിമയിൽ വന്നതിനുശേഷം കനക എന്ന പേര് സ്വീകരിക്കുകയായിരുന്നു. തന്റെ കരിയറിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴാണ് താരം സിനിമയിൽ നിന്ന് വിട്ടു പോയത്. അതിന്റെ കാരണങ്ങളും പലതുണ്ട്. പലരും പല രീതിയിലാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

മലയാളത്തിൽ ഒരുപാട് മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് കനക. ഏറ്റവും കൂടുതൽ ദിവസം തിയറ്ററിൽ ഓടിയ മലയാള സിനിമ എന്ന റെക്കോർഡ് സൃഷ്ടിച്ച ഗോഡ് ഫാദർ എന്ന സിനിമ ഉൾപ്പെടെ മറ്റു പല സിനിമകളിലും താരം അഭിനയിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം സജീവമായിരുന്നു.

1989 മുതൽ 2000 വരെ താരം സിനിമയിൽ സജീവമായിരുന്നു. പ്രശസ്ത സിനിമ നടി ദേവികയുടെ മകളായ കനക സിനിമയിൽ നിന്ന് വിട്ടു നിന്നത് അമ്മയുടെ മരണശേഷം ആണെന്നാണ് പലരും പറയുന്നത്. പ്രശസ്ത തെലുങ്ക് സിനിമ നിർമ്മാതാവ് രഘുപതി വെങ്കയ്യ നായിഡുവിന്റെ പേരക്കുട്ടിയും കൂടിയാണ് താരം.

1989 ൽ പുറത്തിറങ്ങിയ കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം തന്നെ പത്തോളം സിനിമകളിൽ താരം വേഷമണിഞ്ഞു. 1991 ൽ മുകേഷ് എൻ എൻ പിള്ള ജഗദീഷ് തിലകൻ ഇന്നസെന്റ് ഭീമൻ രഘു സിദ്ദിഖ് ഫിലോമിന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ഗോഡ്ഫാദർ എന്ന സിനിമയിലൂടെ യാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നീണ്ട വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടാണ് താരം വിഡിയോയിൽ വന്നിരിക്കുന്നത്. പുതിയ കാലത്തിനനുസരിച്ച് സിനിമയിൽ മാറ്റം വന്നിട്ടുണ്ട് എന്നും അതിനനുസരിച്ചായിരിക്കും ഇനിയുള്ള സിനിമകളിൽ അഭിനയിക്കുന്നതെന്നും പറയുന്നുണ്ട്.

താരം വീഡിയോയിൽ പറയുന്ന കാര്യങ്ങളുടെ ചുരുക്കരൂപം ഇങ്ങനെയാണ്.. ” ഏകദേശം 30, 32 വർഷത്തോളമായി ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട്. എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ എല്ലാ കാര്യങ്ങളും പഴയതായി കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസ്സുണ്ട്. കാലം ഒരുപാട് മാറി അതുകൊണ്ട് പുതിയ കാര്യങ്ങൾ ഞാൻ പഠിക്കേണ്ടതുണ്ട്. മേക്കപ്പ് ഹെയർ സ്റ്റൈൽ ഡ്രസ്സിംഗ് ചെരുപ്പ് വസ്ത്രാലങ്കാരം എന്നിങ്ങനെ എല്ലാത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. “

” എന്തിനേറെ ഇരുത്തത്തിലും ചിരിയിലും വരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞാൻ പഴയതുപോലെ അഭിനയിച്ചാൽ, പഴഞ്ചനായി പോയി എന്ന് തോന്നുന്നു. കഴിഞ്ഞ 10 വർഷത്തിൽ നടന്ന സംഭവങ്ങൾ മാത്രമേ പുതിയത് എന്ന് പറയാൻ സാധിക്കുകയുള്ളൂ. ഈ കാലയളവിൽ ചില വ്യക്തിപരമായ കാരണത്താൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.”

” ഈ വയസ്സാൻ കാലത്ത് ഈ കാര്യങ്ങൾ ഒക്കെ പഠിക്കാൻ എനിക്ക് സാധിക്കുമോ എന്ന് അറിയില്ല. ഒരുപക്ഷേ ഒരുപാട് ദിവസങ്ങളെടുക്കും. എന്നാലും നാം വിചാരിച്ചാൽ നേടിയെടുക്കാൻ പറ്റാത്ത ഒന്നുമില്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവ് സംഭവിച്ചാൽ തിരുത്തേണ്ട ഉത്തരവാദിത്വം നിങ്ങൾക്കാണ് എന്ന് താരം പറയുന്നുണ്ട്.

Kanaka
Kanaka