“ഈ വ്യക്തിക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ട്. അത് പലരും മറന്ന് പോകുന്നു..” ആ രംഗം വേറെ രീതിയിലാണ് പ്രചരിക്കുന്നത് വേദന പറഞ്ഞ് നടൻ

കേരളത്തിലെന്നല്ല ഇന്ത്യയിൽ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു ബിരിയാണി. മലയാളത്തിൽ അപ്രതീക്ഷിതമായ ഒരു സിനിമ അനുഭവം ആയിരുന്നു ബിരിയാണി എന്നും പറയാം. എ സർട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ സിനിമ കേരളക്കരയിൽ വലിയതോതിൽ ചർച്ചയാവുകയും ചെയ്തു. സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രധാന വെല്ലുവിളികൾ എടുത്തു കാണിച്ചു കൊണ്ട് പുറത്തിറങ്ങിയ സിനിമയായിരുന്നു ഇത്.

ബിരിയാണി എന്ന സിനിമയിലെ നായക വേഷം കൈകാര്യം ചെയ്തത് തോന്നയ്ക്കല്‍ ജയചന്ദ്രന്‍ ആണ് വളരെ മികവോടെ ആ നായകവേഷം താരം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ സിനിമ പുറത്തിറങ്ങിയതിനു ശേഷം ഒരു നാട്ടിൻപുറത്ത് ജീവിക്കുന്ന അദ്ദേഹത്തിന് നേരിടേണ്ടിവന്ന വിഷമങ്ങൾ ആണ് അദ്ദേഹം ഇപ്പോൾ തുറന്നു പറയുന്നത്. അദ്ദേഹം ഉന്നയിച്ച പരാതി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

കുറച്ചു ആഴ്ചകൾക്ക് മുന്‍പാണ് ദേശീയ പുരസ്കാരം അടക്കം നേടിയ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ അണിയറ പ്രവർത്തകർ നേരിടുന്ന അവസ്ഥയാണ് പരാതിക്കു കാരണം. നായികാ നായകർക്കു മാത്രമല്ല ടീമിനെ ഒന്നടങ്കം ഇക്കാര്യം ബാധിക്കുകയാണ് എന്നാണ് ജയചന്ദ്രന്റെ വാക്കുകളുടെ ഉൾ സാരം.

ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ള തോന്നയ്ക്കല്‍ ജയചന്ദ്രന്‍ ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കനി കുസൃതിയുടെ ഭര്‍ത്താവായ ‘നാസര്‍’ എന്ന വേഷമാണ് ജയ ചന്ദ്രൻ ചെയ്തത്. ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയ വഴിയും വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കപ്പെടുകയാണ് എന്നാണ് അദ്ദേഹത്തിന്റെ പരാതി.

ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത് എന്നും അതിനപ്പുറം പലതും വളരെ മോശം കമന്‍റുകളോടെ ആണ് പങ്കുവെക്കുന്നത് എന്നതും സങ്കടകരമാണ് എന്നും അദ്ദേഹം പറയുന്നു. ശരിക്കും ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ തന്‍റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട് എന്നാണ് ജയചന്ദ്രന്‍ വിഷമത്തോടെ പറയുന്നത്.

ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണ് എന്നും ജയ ചന്ദ്രൻ കൂട്ടിച്ചേർത്തു. അതേ സമയം ചിത്രത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നില്‍ എന്നാണ് സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞത്.