കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കിൽ ഒന്ന് സ്വയം കരുതിയിരിക്കുക… കുറിപ്പ് വൈറൽ…

in Entertainments

നടിയും മോഡലുമായ ഷഹാനയുടെ മരണ വാർത്ത കേരളം കേട്ടത് ഞെട്ടലോടെയാണ്. വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനോട് സമാനമായ ഒരുപാട് സംഭവങ്ങൾ കേരളക്കരയിൽ ഈ അടുത്ത കാലത്ത് പുറത്തു വന്നിട്ടുണ്ട്. സ്ത്രീധന മരണങ്ങളും ഭർതൃവീട്ടിലെ ആക്രമണം എല്ലാം കേരളത്തിൽ ഒരുപാട് തരംഗം സൃഷ്ടിച്ച വാർത്താ പ്രാധാന്യമുള്ള സംഭവങ്ങളായി പുറത്തു വരാറുണ്ട്.

ആ സമയത്തെല്ലാം ഒരുപാട് പ്രമുഖർ പോലും അത്തരത്തിലുള്ള സംഭവങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തലുകളും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ ആയും പോസ്റ്റുകൾ ആയും അറിയിക്കാറുണ്ട്. ഒരുപാട് ദിവസങ്ങൾ ആ വാർത്ത നിറഞ്ഞുനിൽക്കും എങ്കിലും വീണ്ടും അതേ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് സങ്കടകരം തന്നെയാണ്.

കഴിഞ്ഞ ദിവസം കാസർകോട് നടിയും മോഡലുമായ ഷഹാന മരണപ്പെടുകയും ഭർത്താവ് സജാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ദീപ സൈറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

കുറിപ്പ് വായിക്കാം: എന്റെ പെൺകുട്ടികളെ.. ഇവരെ അറിയാമോ നിങ്ങൾക്ക്? നിങ്ങളെ പ്പോലെയുള്ള പെൺകുട്ടികൾ! ഷഹ്‌ന, റിഫ, മോഫിയ, വിസ്മയ, അർച്ചന, ഉത്ര, ആൻലിയ…ആരും ഇന്നില്ല… മരിച്ചു.. അല്ല കൊന്നു…! എഴുതി മടുത്തെങ്കിലും എഴുതിപ്പോവുകയാണ്! നിങ്ങൾ ദയവായി താഴെ പറഞ്ഞിരിക്കുന്ന നിയമങ്ങൾ അറിഞ്ഞിരിക്കുക…!

ഏതോ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പെണ്ണിനോളം നിസ്സഹയത ഒരാണിനുമില്ല. അപ്പനും അമ്മയ്ക്കും ഇനിയും ബുദ്ധിമുട്ടുണ്ടാകരുത്, കുടുംബത്തിന് മാനക്കേട് ഉണ്ടാക്കരുത്, അനിയത്തിമാരുടെ കല്യാണം…അങ്ങനെ അവളെ പിന്നോട്ട് വലിക്കുന്ന ഒരുനൂറു കാര്യങ്ങൾ തരണം ചെയ്തു നിങ്ങൾ മാതാപിതാക്കളുടെയടുത്ത് ഓടിയെത്തും. അവിടെയും നിങ്ങൾക്ക് രക്ഷയില്ലെങ്കിൽ, മിടുക്കികളായ പെൺകുട്ടികൾ ഒറ്റയ്ക്കെങ്കിലും നിയമത്തിന്റെ വഴിയേ തിരിയും.. പക്ഷെ നിയമവശങ്ങളറിയാതെ ആരെങ്കിലും പറയുന്നതിൽ വിശ്വസം ഉറപ്പിക്കുമ്പോൾ അവിടെയും നമ്മൾ ചതിക്കപ്പെട്ടേക്കാം.

ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.

  1. ശാരീരികമായ പീഡനം –
  2. മാനസികമായ പീഡനം – വാക്കുകൾ കൊണ്ട് അപമാനിക്കുക, സ്ത്രീധനത്തിന്റെ പേരിലോ, പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരിലോ
    അപമാനിക്കുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക തുടങ്ങി ആത്മഹത്യാ ഭീഷണി വരെ ഇതിൽ ഉൾപ്പെടും.
  3. ലൈംഗികമായ പീഡനം – സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ, നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.
  4. സാമ്പത്തികമായ പീഡനം – തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, തന്റെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക.

2006 ൽ നിലവിൽ വന്ന ഗാർഹികപീഡന നിയമം പെണ്കുട്ടികൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമല്ല. ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലലും ശിക്ഷ ലഭിക്കും. അതുപോലെ 1961 ൽ വന്ന സ്ത്രീധന നിരോധന നിയമം !! (കൊട്ടയിൽ സ്വർണവും പണവും കൊടുത്തു വിടുന്ന പരിപാടി മാതാപിതാക്കൾ നിർത്തുന്നത് വരെ ഈ നിയമത്തെപറ്റി അറിഞ്ഞിട്ടും വലിയ കാര്യമില്ല!!)

പരാതിപ്പെടാൻ എന്തു ചെയ്യണം? പോലീസിൽ നിന്ന് സഹായം ലഭിച്ചിക്കില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. എല്ലായിടത്തും അങ്ങനെയാവില്ല എന്നു കരുതാം. “അപരാജിത” എന്ന ഓണ്ലൈൻ സർവീസിലേക്ക് ഫോണ് വഴി ബന്ധപ്പെടാം. നേരെ പോലീസ് സ്റ്റേഷനിലേക്ക് വെച്ചുപിടിക്കണ്ട. അതിനോടൊപ്പം തന്റെ ജില്ലയിലെ സംരക്ഷണഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടുക എന്നത് ആണ് ആദ്യം ചെയ്യേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളിലും സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം സർക്കാർ സൈറ്റുകളിൽ ലഭ്യമാണ്. വനിതാ കമ്മീഷൻ അംഗങ്ങളിൽ ആരുടെയെങ്കിലും ഫോണ് നമ്പർ സേവ് ചെയ്ത് വയ്ക്കുക. അവിടെയും പരാതിപെടുക. ഇനി അങ്ങനെയും രക്ഷയില്ലെങ്കിൽ മീഡിയയെ അറിയിക്കാൻ ശ്രമിക്കുക ക്ഷമിക്കുക..വ്യവസ്ഥിതി ഇങ്ങനെയായി പോയി….!

മാതാപിതാക്കളോട് ഒരു ചോദ്യം..ഒരു തവണ അയാളോ വീട്ടുകാരോ മകളുടെ ദേഹത്ത് കൈവെച്ചത് അറിഞ്ഞതിന് ശേഷവും നിങ്ങളെന്തിനാണ് അവളെ അവന്റെ കൂടെ തന്നെ നിൽക്കാൻ വിടുന്നത്? അവളുടെ മനസ്സ് വേദനിപ്പിച്ചവർക്കൊപ്പം നിൽക്കാൻ എന്തിനാണ് അവരെ പ്രേരിപ്പിക്കുന്നത്? വിവാഹമോചനം എന്ന ഓപ്ഷൻ നിങ്ങൾ തന്നെ അവളോട് പറയേണ്ടതല്ലേ? അവൾ നിങ്ങൾക്ക് ബാധ്യതയാകും, നാണക്കേടാകും എന്ന സ്വാർത്ഥതയല്ലേ നിങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്? അവൾ തനിച്ച് ജീവിക്കില്ലേ? അതിനവളെ പ്രാപ്തയാക്കാൻ നിങ്ങൾക്ക് കഴിയില്ലേ?
ആരോട് പറയാൻ!!

അതുകൊണ്ട് എന്റെ പെൺകുട്ടികളെ..’കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും’ ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കിൽ ഒന്ന് സ്വയം കരുതിയിരിക്കുക!

Leave a Reply

Your email address will not be published.

*