പ്രണവിന്റെയും ഷഹാനയുടെയും വൈറൽ വിവാഹത്തിന് രണ്ടാണ്ട്.. ആശംസകളുമായി സോഷ്യൽ മീഡിയ…

സൗന്ദര്യവും ബാങ്ക് ബാലൻസും ശമ്പളവുമെല്ലാം നോക്കി പ്രണയിക്കുന്നവരുടെ വർത്തമാനങ്ങൾക്കിടയിൽ നിസ്വാർത്ഥമായ പ്രണയത്തിന്റെ പ്രതീകമായി മാറുകയാണ് പ്രണവും ഷഹാനയും. ഒരുപാട് കോളിളക്കങ്ങൾ സൃഷ്‌ടിച്ച വിവാഹത്തിന്റെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് അവർ ഇപ്പോൾ. ഒരുപാട് വിമർശന സ്വരങ്ങൾ ഉയർന്നെങ്കിലും യഥാർത്ഥ സ്നേഹത്തിനു മുന്നിൽ അവയെല്ലാം തോറ്റുപോയി.

അപകടത്തിൽ ശരീരം തളർന്ന തൃശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശി ഷഹാന കടന്നു വന്നതായിരുന്നു വാർത്ത പ്രാധാന്യം നേടിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞ് ഷഹാന തേടിയെത്തുകയായിരുന്നു. അപകടവും ആഘതവും പ്രശ്നങ്ങളുമൊന്നും മുഖവിലക്കെടുക്കാതെ ഷഹാന തന്റെ പ്രണയത്തിൽ ഉറച്ചു നിന്നു.

2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറു കൊല്ലം മുമ്പ് ബികോം വിദ്യാർത്ഥിയായിരിക്കെ ഒരു ബൈക്ക് ആക്സിഡന്റിൽ സംഭവിച്ച പരിക്ക് ആണ് പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്. നെഞ്ചിന് താഴെ മുഴുവൻ തളർന്ന് കിടന്ന കിടപ്പിലായി പ്രണവ്. സോഷ്യൽ മീഡിയകളിൽ സജീവമായ പ്രണവിനെ ആ വഴിയിലൂടെ തന്നെയാണ് ഷഹാന അറിയുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ പ്രണവുമായി അടുത്ത ഷഹാന പ്രണയം പറഞ്ഞപ്പോൾ സമൂഹത്തിൽ വിപ്ലവമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം കത്തിപ്പടരാനുള്ള കാരണം തന്നെ മതമായിരുന്നു. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജീവിക്കുന്നെങ്കിൽ ഒന്നിച്ചു ജീവിക്കാൻ തന്നെ ഉറച്ച് സ്വന്തം മാതാ പിതാക്കളെയും കുടുംബത്തെയും നാടിനെയും വിറ്റ് ഷഹാന ഇറങ്ങുകയിരുന്നു.

എന്തായാലും ആ വിപ്ലവ വിവാഹത്തിന് ഇപ്പോൾ രണ്ടാണ്ട് തികയ്ക്കാൻ കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രണവ് ഇടയ്ക്കിടെ തന്റെ പ്രിയതമയുടെ സ്നേഹവും മറ്റും എഴുതുകയും ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുകയും ചെയ്യാറുണ്ട്. ഇപ്പോൾ രണ്ടാം വിവാഹ വാർഷികത്തിൽ പ്രണവ് കുറിച്ചത് ഇങ്ങനെയാണ് :

ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വർഷങ്ങൾ. അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അവൾ അതിലേറെ എന്നെ സ്നേഹിക്കുണ്ടെന്ന് എനിക്കറിയാം. കാരണം ഈ അവസ്ഥയിലും എന്നെപോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന് എന്റെ കാര്യങ്ങൾ നല്ല രീതിക്ക് ചെയ്തു തരുന്നത് അവൾക്കെന്നോടുള്ള ആഘാതമായ സ്നേഹം കൊണ്ട് ഒന്ന് മാത്രമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തിൽ എന്റെ പ്രണയം നെഞ്ചോടു ചേർത്തുപിടിച്ച പ്രിയ സഖിക്ക്, ഒരായിരം വിവാഹ വാർഷികാശംസകൾ…