ദിവസവും ഓഫിസിലേക്ക്​ യാത്ര വിമാനത്തിൽ; ഇതാണ്​ ലാഭകരമെന്ന്​ ഇന്ത്യൻ വംശജ ഏകദേശം 700 കിലോമീറ്ററാണ്​ ദിവസവും സഞ്ചരിക്കുന്നത്​







സ്കൂട്ടർ​, കാർ, ബസ്​, ട്രെയിൻ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ്​ ആളുകൾ നിത്യേന ജോലിക്ക്​ പോകാറ്​. ഏറ്റവും ചെലവ്​ കുറഞ്ഞരീതിയിൽ വേഗത്തിലെത്തുന്ന യാത്രാമാർഗങ്ങൾക്കാകും അധികപേരും മുൻതൂക്കം നൽകുക. എന്നാൽ, മലേഷ്യയിലുള്ള ഇന്ത്യൻ വംശജയായ യുവതി ദിവസവും ജോലിക്ക്​ പോകുന്നത്​ വിമാനത്തിലാണ്​. ആഴ്ചയിൽ അഞ്ച്​ ദിവസവും ആകാശമാർഗമാണ്​​ അവരുടെ യാത്ര. രണ്ട്​ മക്കളുടെ മാതാവ്​ കൂടിയായ റേച്ചൽ കൗറാണ്​ ഈ കഥയിലെ താരം. മലേഷ്യയിലെ വിമാന കമ്പനിയായ എയർ ഏഷ്യയിലെ ഫിനാൻസ്​ ഓപ്പറേഷൻസിൽ അസിസ്റ്റന്‍റ്​ മാനേജറാണ്​ ഇവർ.




തന്‍റെ ദിവസേനയുള്ള ദീർഘദൂര യാത്ര അത്ര ബുദ്ധിമുട്ടേറിയതല്ലെന്നും താരതമ്യേന ചെലവ്​ കുറവാണെന്നും ചാനൽ ന്യൂസ്​ ഏഷ്യക്ക്​ നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്നു. തന്‍റെ മക്കളോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യകാലങ്ങളിൽ കൗർ ക്വലാംപൂരിലെ ഓഫിസിന്​ സമീപം വീട്​ വാടകക്ക്​ എടുത്താണ്​ കഴിഞ്ഞിരുന്നത്​. അന്നെല്ലാം​ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ്​ സ്വന്തം നാടായ മലേഷ്യയിലെ മറ്റൊരു സംസ്ഥാനമായ പെനാൻങ്ങിലേക്ക്​ പോകാറ്​​. ഇതിനാൽ തന്നെ ജോലിയും കുടുംബജീവിതവും സന്തുലിതമാക്കാൻ ഇവർ പ്രയാസപ്പെടുകയായിരുന്നു.








ഇതോടെയാണ്​ ദിവസവും വിമാനത്തിൽ പോയിവരാനുള്ള തീരുമാനമെടുത്തത്​. 2024ന്‍റെ തുടക്കം മുതലാണ്​ വിമാന യാത്ര ആരംഭിക്കുന്നത്​. ഇതിന്​ ശേഷം ജോലിയും കുടുംബജീവിതവും മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്നുവെന്ന്​ ഇവർ അഭിമുഖത്തിൽ വ്യക്​തമാക്കി. ദിവസവും അതിരാവിലെ നാല്​ മണിക്കാണ്​ ഉണരുക. അഞ്ച്​ മണിക്ക്​ വീട്ടിൽനിന്ന്​ കാറിൽ പെനാൻങ്​ എയർപോർട്ടിലെത്തും. 6.30നാണ്​ ക്വലാലംപൂരിലേക്കുള്ള വിമാനം. വിമാനമിറങ്ങി​ 10 മിനിറ്റ്​ നടന്ന്​ 7.45ഓടെ​ ഓഫിസിലെത്തും. ജോലി കഴിഞ്ഞ്​ രാത്രി എട്ട്​ മണിയോടെയാണ്​ വീട്ടി​ൽ മടങ്ങിയെത്തുക. ഏകദേശം 700 കിലോമീറ്ററാണ്​ ഈ രീതിയിൽ അവർ ദിനേ​ന സഞ്ചരിക്കുന്നത്​. ദിവസേന വിമാനത്തിൽ യാത്ര ചെയ്താൽ







പോലും ക്വലാലംപൂരിൽ വാടകക്ക്​ താമസിക്കുന്നതിനേക്കാൾ ചെലവ്​ കുറവാണെന്ന്​​ കൗർ പറയുന്നു. മുമ്പ്​ ക്വലാംപൂരിലെ താമസത്തിന് മാത്രം​ പ്രതിമാസം 474 ഡോളർ (ഏകദേശം 41,000 രൂപ) ചെലവായിരുന്നു. ഇപ്പോൾ യാത്രാ ചെലവിന്​ വരുന്നത്​ 314 ഡോളർ​ (ഏകദേശം 27,000 രൂപ) ആണ്​. സംഗീതവും പ്രകൃതിയുമെല്ലാം ആസ്വദിച്ചാണ്​ വിമാനയാത്ര. വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നതിനേക്കാൾ സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യാനാണ്​ കൗറിന്​ താൽപ്പര്യം​. ദിവസേനയുള്ള യാത്രക്ക്​ എയർ ഏഷ്യയും മികച്ച പിന്തുണയാണ്​ നൽകുന്നത്​. എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നത്​ ബുദ്ധിമുട്ടാണെങ്കിലും രാത്രി വീട്ടിൽ തിരിച്ചെത്തി മക്കളെ കാണുമ്പോൾ എല്ലാ ക്ഷീണവും അപ്രത്യക്ഷമാകുമെന്നും കൗർ പറയുന്നു.